മടപ്പള്ളി ഗവ.കോളജ് മലയാള വിഭാഗം വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മ പ്രശസ്ത കവി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു.കവി, കാലം ,കാഴ്ച എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.കെ.വീരാൻ കുട്ടി സ്വാഗതം പറഞ്ഞു.പ്രിൻസിപാൽ പ്രൊഫ.ശൈലജകുമാരി അധ്യക്ഷത വഹിച്ചു.രാജേന്ദ്രൻ എടത്തുംകര സംസാരിച്ചു.സരിമ സി.കാവ്യാലാപനം നടത്തി.നിജിൽ ലാൽ നന്ദി പറഞ്ഞു.
സച്ചിദാനന്ദന്റെ പ്രഭാഷണത്തിൽ നിന്നും :
ഒരുദേശത്തിന്റെ പ്രശ്നങ്ങളെയും വിധിയേയും അഭിസംബോധന ചെയ്യാത്ത സാഹിത്യം
നിരുപയോഗമാണ്.മനുഷ്യനെ അഭിസംബോധന ചെയ്യുക എന്നതാണ് എല്ലാ കാലത്തും സാഹിത്യത്തിന്റെ ധർമം.മനുഷ്യന് സ്വതന്ത്രനാവാൻ കഴിയുന്ന ഒരു ലോകത്തെ കുറിച്ച് സ്വപ്നം കാണാൻ കഴിയാത്ത സാഹിത്യത്തിന് പ്രസക്തിയില്ല.ദുഷ്കാലത്ത് സാഹിത്യം ദുഷ്കാലത്തെ കുറിച്ചു സംസാരിക്കുന്നു. ആ അർഥത്തിൽ സാഹിത്യം എന്നത് ജനതയുടെ അതിജീവനത്തിന്റെ ഭാഷ കൂടിയാണ്.ഓരോ കാലവും സന്തോഷത്തോടൊപ്പം ദുരന്തവും സൃഷ്ടിക്കുന്നുണ്ട്.അതു കൊണ്ട് ദുരന്ത കാലത്തെ പീഡനങ്ങളെ ആവിഷ്കരിക്കുക എന്നത് മഹത്തായ സാഹിത്യത്തിന്റെ സ്വഭാവമാണ്.ദന്തഗോപുരത്തിൽ അഭയം തേടാൻ ഇന്നു ഒരു എഴുത്തുകാരനും കഴിയില്ല.മനസ്സാക്ഷിയുള്ള ഓരോ എഴുത്തുകാരനും നിരന്തരമായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കും.മറ്റേതു കാലത്തേക്കാളും എഴുത്തുകാരന്റെ പക്ഷത്തെക്കുറിച്ചുള്ള ചോദ്യം മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.സംശയ രഹിതമായ പ്രതിജ്ഞാബദ്ധത, ഏതെങ്കിലും ഒരു പാർട്ടിയിലുള്ള സമ്പൂർണ വിശ്വാസം, പ്രയാസകരമായി തീരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.നീതിയിലും സ്വാതന്ത്ര്യത്തിലും മനുഷ്യത്വത്തിലുമുള്ള വിശ്വാസമാണ് എഴുത്തുകാരന്റെ പ്രതിജ്ഞാബദ്ധത. പ്രതിജ്ഞാബദ്ധത നിർബന്ധിതമായി അടിച്ചേൽപ്പിക്കുന്നത് എഴുത്തുകാരന്റെ സർഗാത്മകതയ്ക്കു നേരെയുള്ള കടന്നുകയറ്റമാണ്.ഏതെങ്കിലും രാഷ്ട്രീയനേതൃത്വമോ ഭരണ നേതൃത്വമോ എഴുത്തുകാരൻ എന്തെഴുതണമെന്നു തീരുമാനിക്കുന്ന വ്യവസ്ഥിതിയിൽ മഹത്തായ കൃതികൾ ഉണ്ടാവുകയില്ല.പഴയ നല്ല സാഹിത്യത്തിനേക്കാൾ നല്ലത് പുതിയ ചീത്ത സാഹിത്യമാണ് എന്ന ബ്രെഹ്ത്തിന്റെ അഭിപ്രായം ചിന്തനീയമാണ്.അതേ സമയം മാനുഷികമായ സ്വാതന്ത്ര്യത്തിന്റെ ദൌത്യത്തിൽ നിന്നും എഴുത്തുകാരനു വിമോചിതനാവാൻ സാധ്യവുമല്ല.നവപ്രസ്ഥാനങ്ങളെ സ്വീകരിക്കേണ്ടി വരുന്നത് അപ്പോഴാണ്.ലൈംഗികത മുതൽ സൂക്ഷ്മ രാഷ്ട്രീയം വരെയുള്ള മേഖലകൾ ഇങ്ങനെ പ്രസക്തമാവുന്നുണ്ട്.
ആഗോളീകരണം നമ്മുടെ സാംസ്കാരിക തനിമകളെ ഇല്ലാതാക്കികൊണ്ടിരിക്കുന്ന ഇക്കാലം അനേകം ഉദ്വേഗങ്ങളുടേതു കൂടിയാണ്.അനേകം ഭാഷകൾ ഇല്ലാതാവുന്നു .ഭാഷ ഇല്ലാതാവുമ്പൊൾ ഒരു ജീവിതരീതിയാണ് മരിക്കുന്നത്.ഭാഷയുടെ മരണം ജീവിതത്തിന്റെ മരണം കൂടിയാണ്.പുരോഗമന സാഹിത്യത്തിന്റെ തുടർച്ച യായാണ് ദലിത്,സ്ത്രീ വാദ സാഹിത്യങ്ങൾ കടന്നു വന്നത്.നമ്മുടെ സാഹിത്യം ജനപക്ഷമായിത്തീർന്നത് ഭക്തിപ്രസ്ഥാനത്തിന്റെ വരവോടെയായിരുന്നു. മനുഷ്യനെ മുൻനിർത്തിയുള്ള ബദൽ സാഹിത്യാന്വേഷണമായിരുന്നു അത്.പാർശ്വവത്കരിക്കപ്പെട്ടവരെക്കൂടി ഉൾക്കൊള്ളുമ്പോഴാണ് സാഹിത്യം പുരോഗമനാത്മകമായിത്തീരുന്നത്.പുതിയ നീതിബോധവും പുതിയ സൌന്ദര്യ സങ്കല്പവും ആണ് എഴുത്തുകാരെ പ്രചോദിപ്പിക്കുന്നത്.സാഹിത്യത്തിലെ ഓരോ നവീകരണവും പിന്നീട് പാരമ്പര്യത്തിന്റെ ഭാഗമായി തീരുന്നുണ്ട്.ഒരു ഭാഷ ക്ലാസ്സിക്കലാണോ എന്നു തീരുമാനിക്കേണ്ടത് ഗവണ്മെണ്ടല്ല.അതു സംസാരിക്കുന്ന ജനങ്ങളാണ്.ആയിരക്കണക്കിനു വർഷം പഴക്കമുണ്ട് എന്നതിലല്ല തികച്ചും ചെറുപ്പമാണ് എന്നതിലാണ് മലയാളം അഭിമാനിക്കേണ്ടത്.ഭാഷയുടെ പഴക്കമല്ല ക്ലാസ്സിക്കൽ പദവി നിശ്ചയിക്കേണ്ടത്.ക്ലാസികൽ പദവിക്കു വേണ്ടി
വാദിക്കുന്നതിനു പിറകിൽ ഭാഷാസ്നേഹം മാത്രമല്ല മറ്റു സങ്കുചിത താത്പര്യങ്ങളും ഉണ്ടായെന്നു വരാം .
No comments:
Post a Comment