സ്വാഗതം ....സ്വാഗതം ...സ്വാഗതം .....സ്വാഗതം ....സ്വാഗതം ....സ്വാഗതം ...സ്വാഗതം .....സ്വാഗതം ....















മടപ്പള്ളി ഗവ.കോളജ് മലയാള വിഭാഗത്തിന്റെ ബൂലോകക്കാഴ്ചയാണിത് .







സാഹിത്യ പഠനങ്ങള്‍ , അനുഭവക്കുറിപ്പുകള്‍ , സംവാദം , സര്‍ഗാത്മക രചനകള്‍ , കാമ്പസ് വാര്‍ത്തകള്‍ തുടങ്ങിയവയ്ക്കാണ്‌ ഈ പ്രതലം .







കേരളത്തിലെ എല്ലാ കലാലയങ്ങളിലുമുള്ള മലയാളം വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് സ്വഭാവമുള്ള രചനകള്‍ , പഠനക്കുറിപ്പുകള്‍ എന്നിവ ഇതുവഴി ലഭ്യമാകണം എന്നാണ്‌ ഞങ്ങളുടെ ആഗ്രഹം .







വിവിധ കാമ്പസ്സുകളിലെ പ്രഗത്ഭരായ അധ്യാപരായിരിക്കും അക്കാദമിക രംഗം കൈകാര്യം ചെയ്യുക .







ഈ ബ്ലോഗില്‍ എഴുതാന്‍ താത്പര്യമുള്ള എഴുത്തുകാരും അധ്യാപകരും രചനകള്‍ madappallycampus@gmail.com എന്ന വിലാസത്തില്‍ email ചെയ്യുക.




Creative Desk :


K.Veerankutty

Rajendran Edathumkara

P.Praseetha

Department of Malayalam, Govt.College Madappally, P.O. Madappally College,Vatakara, Calicut.

Phone:o496 2512587



Saturday, October 30, 2010

പാഠക്കുറിപ്പുകൾ :ധർമ്മരാജ

                                      

                                                                                                                       കെ വി കെ
                                           ധർമ്മരാജ— ഡോ. കെ.ഭാസ്ക്കരൻ നായർ
ഡോ.കെ.ഭാസ്കരന്‍ നായര്‍
See full size image
          സി.വി രാമൻപിള്ളയുടെ വിഖ്യാത നോവലായ ധർമ്മരാജയെപ്പറ്റി മലയാളത്തിലുണ്ടായ മികച്ച പഠനങ്ങളിലൊന്നാണ് ഡോ. കെ.ഭാസ്ക്കരൻ നായരുടേത്. ദൈവനീതിക്കു ദാക്ഷിണ്യമില്ല എന്ന നിരൂപണഗ്രന്ഥംപോലെ സി വിയുടെ നോവൽത്രയത്തെ ഗാഢമാ‍യി പരിശോധിച്ച് അവയുടെ രൂപ സൌകുമാര്യത്തെ അനാവൃതമാക്കുന്നതിൽ അങ്ങേയറ്റം വിജയിച്ച കൃതികൾ മലയാളത്തിൽ നന്നേ ചുരുക്കമാണ്. സി.വിയുടെ രചനാകൌശലത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാ‍ൻ സാധിച്ചതും നോവലിലെ ഗരിമയുള്ള ഭാഷയോട് ഇണങ്ങുന്ന ഭാഷയിൽ അതുവായനക്കാരിലേക്കു പകരാൻസാധിച്ചതുമാണ്  ആ നിരൂപണലേഖനത്തിന്റെ വിജയം.അധികമാരും കടന്നു ചെല്ലാൻ ധൈര്യം കാണിക്കാത്ത, നിഗൂഢതകൾ നിറഞ്ഞ ആ നോവൽപ്രപഞ്ചത്തിലേക്ക് ഒരു സൂക്ഷ്മാന്വേഷകന്റെ ത്വരയോടെ ഇറങ്ങിച്ചെല്ലുന്ന അദ്ദേഹം ശാസ്ത ബോധത്തോടൊപ്പം തന്നിലുള്ള വിമർശനപ്രതിഭയെക്കൂടി ഈ കൃതിയിൽ വെളിവാക്കിയിരിക്കുന്നു.

കാലം നൽകിയ പക്വത   

      മാർത്താണ്ഡവർമ്മയുടെ രചനയ്ക്കു ശേഷം ധർമ്മരാജയെഴുതാൻ എടുത്ത 23 വഷം സി വിയുടെ ലോകപരിചയത്തിലും രചനാവൈഭവത്തിലും അത്ഭുതകരമാ‍യ മാറ്റം ഉണ്ടാക്കിയതായി ഭാസ്ക്കരൻ നായർ നിരീക്ഷിക്കുന്നു.തന്മൂലം മേദുരമായ ഒരു തീക്ഷ്ണത നോവലിനു കൈവന്നു.നോവലിസ്റ്റിലെ നിർമ്മാണ ശക്തികൾ സർവ്വാകർഷകങ്ങളായി പ്രസരിച്ചതായും അദ്ദേഹം കണ്ടെത്തുന്നു. ധർമ്മരാജയിലെ ഭാഷാരീതിയെ വിമർശിക്കുന്നവരോട് “നെയ്യുകൂടിപ്പോയതുകൊണ്ടു അപ്പത്തിനുണ്ടാകുന്ന ദോഷ“മായിട്ട് അതിനെ എടുത്താൽമതി എന്നാണദ്ദേഹത്തിന്റെ നിർദ്ദേശം.

 നിർമ്മാണ കൌശലം  

       ഹരിപഞ്ചാനനയോഗിയോടൊപ്പം ചന്ദ്രക്കാറനെ പ്രതിഷ്ഠിച്ച് കഥയ്ക്ക് സംതുലിതത്വം വരുത്തുന്നു.അപ്രധാന കഥപാത്രങ്ങളെപ്പോലും കഥഗാത്രത്തോട് ഗാഢമായി ബന്ധിപ്പിക്കുന്നു. ഈ കഥാതന്തുക്കളെയെല്ലാംകൂട്ടിപ്പിരിച്ച് കൊടുമ്പിരിക്കൊള്ളിച്ചിരിക്കുന്നു.കേശവപ്പിള്ളയുടെ ചരിത്രത്തെ നിറവോടെ അവതരിപ്പിച്ചും സമുദാ‍യത്തിന്റെയും രാജ്യത്തിന്റെയും ചിത്രം ഇണക്കിയും അതിൽ  ലോകതത്വത്തെ പകർന്നും അസാമാന്യ കാ‍വ്യഭംഗിയോടെ നോവൽ ആവിഷ്ക്കരിക്കുന്നതിൽ  സി വി പുലർത്തുന്ന നിമ്മാണ ചാതുര്യത്തെ ലേഖകൻ പ്രശംസിക്കുന്നു.

 കഥാഘടനയ്ക്കുള്ള ന്യൂനത

        കഥാഘടനയ്ക്കു ഹാനി തട്ടുന്ന രണ്ടു അംശങ്ങൾ മാത്രമെ ലേഖകൻ സൂചിപ്പിക്കുന്നുള്ളു-കുഞ്ഞുത്തമ്പിക്ക് യോഗിയോടുള്ള ഭക്തിയുടെ കാരണം രഹസ്യമാക്കിവച്ചതാണ് അതിലൊന്ന്..നോവലിന്റെ പരിണാമഗുപ്തിയെ അതു ഒരു വിധത്തിലും സഹായിക്കുന്നില്ല.പക്കീർസ എന്നപാത്രത്തെ ഒരു സ്വതന്ത്ര കഥാപാത്രമായി വളരാൻ വിടാതെ വേലുത്തമ്പിയുടെ മായാവേഷമായി അവതരിപ്പിച്ചതും ഒഴിവാക്കാമായിരുന്നു എന്നു ലേഖകൻ
പറയുന്നു.

കഥാപാത്രസൃഷ്ടി

       അതിതീവ്ര വർണ്ണങ്ങളിലാണ് മിക്ക കഥാപാ‍ത്രങ്ങളെയും വരച്ചിട്ടുള്ളത് എന്ന നിരീക്ഷണം ശ്രദ്ധേയമാണ്.മീനാക്ഷിയും കേശവൻ കുഞ്ഞും മാത്രമാണു ഇതിനപവാദം. അസുലഭമായ മനുഷ്യമാതൃകകളാ‍ണ് അവർ.അസാധാരണങ്ങളായ ഇത്തരം കഥാപാത്രങ്ങളെ തന്മയമായി ചിത്രീകരിക്കുന്നതിലാ‍ണ് കഥകൃത്തുക്കളുടെ വൈഭവം .സി വി അക്കാര്യത്തിൽ ഏറെ വിജയിച്ചുവെന്നാണ് ഭാസ്കരൻ നായർ വിലയിരുത്തുന്നത്.

കഥാപാത്ര നാമകരണം

      കഥപാത്രങ്ങൾക്ക് വിചിത്രവും വ്യത്യസ്തവുമായ പേര് നൽകുന്നതിൽ സി വി യെപ്പോലെ വിജയിച്ച എഴുത്തുകാരില്ല.കുട്ടിക്കോന്തിശ്ശൻ,പവതിക്കൊച്ചി,കുപ്പശ്ശാര് തുടങ്ങിയ പേര് ശ്രദ്ധിക്കുക.
ഭാഷയിലെ മൌലികത സംസ്കൃതപദങ്ങൾക്കു അമിതമായ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും പ്രാചീന പദങ്ങളും ധാരാളം സി വി ഉപയോഗിക്കുന്നുണ്ട്.പണ്ടാരം, വേൽക്കാർ തുടങ്ങിയവ ഉദഹരണം.എന്നാൽ ക്ഥയുടെ ആഖ്യാനത്തിനു കഥാപാത്രത്തിന്റെ ഭാഷയുപയോഗിക്കുന്ന അനൌചിത്യം സി വി കാണിക്കുന്നില്ലഎന്നത് ശ്രദ്ധേയം.കഥാപാത്രങ്ങൾ ദേശ്യഭാഷ ഉപയോഗിച്ചു എന്നു മാത്രമല്ല അതിനു സ്വാഭാവികത കൈവരുത്താനും കാവ്യാത്മകമാക്കാനും കഴിഞ്ഞു എന്നതാണ് സി വി യുടെമൌലികതയായി ലേഖകൻ കണ്ടെത്തുന്നത്..
“പെണ്ണെന്തെട പിഞ്ചെന്തെടാ‍ ആണായിപ്പിറന്നാ ഒരൊറ്റ പെരുംകയ്യെങ്കിലും നോക്കണം അല്ലാണ്ടു പിരവിയെന്തിനു? ഉയിരെന്തിനു?“ എന്നുതുടങ്ങുന്നചന്ദ്രക്കാറന്റെ ചോദ്യം,“കണ്ണുനീർ ചൊട്ടുന്ന കണ്ണു നീ ജനിച്ച കുലത്തിൽ ആദ്യം കാണുകയാണ്.നിലത്തുവീഴും മുമ്പു തുടയ്ക്ക് ഭൂമിയെകൊണ്ട് കൂടി വെറുപ്പിക്കാതെ“ എന്ന ത്രിപുരസുന്ദരിക്കുഞ്ഞമ്മയുടെ പരിദേവനം,“എന്തപ്പനേ!എന്തു?സിംഹാസനങ്ങൾ,കിരീടങ്ങൾ,ഉടവാളുകൾ,ഇതുകൾ ധർമ്മശാലകളിൽദാനംചെയ്യപ്പെടുന്നില്ല………………………..കൊന്നും വെന്നുംതീവെച്ചുമുടിച്ചും അവ നേടണം“ എന്ന ഉഗ്ര ഹരിപഞ്ചാനനന്റെ കല്പന-എന്നിങ്ങനെ ഉദാഹരിക്കാൻ ഏറെയുണ്ടു സി വി യുടെ സംഭാഷണ രചനയുടെ ശക്തിയും അപൂർവ്വതയും സൂചിപ്പിക്കാൻ. പാത്രസൃഷ്ടിയിൽ,കഥാസന്തർഭത്തിന്റെ ആവിഷ്ക്കാരത്തിൽ എല്ലാം ലോകോത്തരമായ ഭാവനാശക്തി സി വി കാഴ്ചവെയ്ക്കുന്നതിനെയും ലേഖകൻ ഉദാഹരിക്കുന്നുണ്ട്. സിവി എന്ന എഴുത്തുകാരന്റെ കലാമർമ്മം കണ്ടെത്താൻ കഴിഞ്ഞ അപൂർവതയുള്ള പഠനമായി ഈ നിരൂപണലേഖനം ഇന്നും സാഹിത്യ പഠിതാക്കളെ ആകർഷിക്കുന്നു.

1 comment:

  1. ദൈവനീതിക്കു ദാക്ഷിണ്യമില്ലയുടെ ഒരു കോപ്പി കിട്ടാന്‍ സാധ്യതയുണ്ടോ? ഫോട്ടോസ്റ്റാറ്റിന്റെയും കൊറിയറിന്റെയും ചെലവ് അയച്ചു തന്നാല്‍ സഹായിക്കാമോ? രാം മോഹന്‍, 95390 74300

    ReplyDelete