സ്വാഗതം ....സ്വാഗതം ...സ്വാഗതം .....സ്വാഗതം ....സ്വാഗതം ....സ്വാഗതം ...സ്വാഗതം .....സ്വാഗതം ....















മടപ്പള്ളി ഗവ.കോളജ് മലയാള വിഭാഗത്തിന്റെ ബൂലോകക്കാഴ്ചയാണിത് .







സാഹിത്യ പഠനങ്ങള്‍ , അനുഭവക്കുറിപ്പുകള്‍ , സംവാദം , സര്‍ഗാത്മക രചനകള്‍ , കാമ്പസ് വാര്‍ത്തകള്‍ തുടങ്ങിയവയ്ക്കാണ്‌ ഈ പ്രതലം .







കേരളത്തിലെ എല്ലാ കലാലയങ്ങളിലുമുള്ള മലയാളം വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് സ്വഭാവമുള്ള രചനകള്‍ , പഠനക്കുറിപ്പുകള്‍ എന്നിവ ഇതുവഴി ലഭ്യമാകണം എന്നാണ്‌ ഞങ്ങളുടെ ആഗ്രഹം .







വിവിധ കാമ്പസ്സുകളിലെ പ്രഗത്ഭരായ അധ്യാപരായിരിക്കും അക്കാദമിക രംഗം കൈകാര്യം ചെയ്യുക .







ഈ ബ്ലോഗില്‍ എഴുതാന്‍ താത്പര്യമുള്ള എഴുത്തുകാരും അധ്യാപകരും രചനകള്‍ madappallycampus@gmail.com എന്ന വിലാസത്തില്‍ email ചെയ്യുക.




Creative Desk :


K.Veerankutty

Rajendran Edathumkara

P.Praseetha

Department of Malayalam, Govt.College Madappally, P.O. Madappally College,Vatakara, Calicut.

Phone:o496 2512587



Sunday, October 31, 2010

പാഠക്കുറിപ്പ് : സാഹിത്യ വിദ്യ

                    ബി എ/ ബി എസ് സി കോമണ്‍ കോഴ്സ്  മലയാളം
                                              പാഠക്കുറിപ്പ്
                                                                                                 –      കെ വി കെ 
                                   സാഹിത്യ വിദ്യ         --കുട്ടികൃഷ്ണമാരാര്‍ See full size image

ലയാ‍ള സാഹിത്യനിരൂപകരില്‍ അഗ്രിമസ്ഥാനത്ത് വര്‍ത്തിക്കുന്ന വിമര്‍ശകപ്രതിഭയാണ് കുട്ടികൃഷ്ണമാരാര്‍ .ഭാരതീയ സാ‍ഹിത്യ പാരമ്പര്യത്തിലുള്ള അഗാധജ്ഞാനം,ജന്മസിദ്ധമായ വിമര്‍ശനനൈപുണി,താര്‍ക്കികന്റെമട്ടിലുള്ള വിഷയാവതരണ രീതി,വാദിച്ചുജയിക്കാനുള്ള ത്വര തുടങ്ങിയവയെല്ലാം മാരാരെ വ്യത്യസ്തനാക്കുന്നു.കാളിദാസകൃതികളുടെ ഗദ്യവിവര്‍ത്തനങ്ങളും പഠനവും,വൃത്തപഠനം, കലയെ സാംബന്ധിക്കുന്ന ഒട്ടനവധി ലേഖനങ്ങള്‍ , അവതാരികകള്‍  ഈ മനീഷിയുടെ സംഭാവനയായുണ്ട്. കല ജീവിതംതന്നെ എന്ന ദർശനത്തിൽ ഉറച്ചുനിന്നുകൊണ്ടു തന്നെ സാഹിത്യത്തിന്റെ സാമൂഹികമൂല്യത്തെ അദ്ദേഹം തിരിച്ചറിഞ്ഞു.


             സാഹിത്യവിദ്യ എന്ന ലേഖനവും തർക്കികനായ ഒരു നിരൂപകന്റെ സാന്നിധ്യമറിയിക്കുന്നുണ്ട്. സാഹിത്യമെന്നത് കലയാണോ അതോ വിദ്യയാണോ എന്ന കാലങ്ങളായുള്ള തർക്കത്തെ തന്റേതായ വീക്ഷണകോണിലൂടെ പരിശോധിക്കുകയാണദ്ദേഹം.ഭാരതീയ കാവ്യമീമാംസകരിലേറെയും സാഹിത്യത്തെ  വേദങ്ങൾക്കും പുരണങ്ങൾക്കുമൊപ്പം വിദ്യയായി കണ്ടവരാണ് എന്നു മാരാർ സമർഥിക്കുന്നു. രാജശേഖരൻ,ഭാമഹൻ തുടങ്ങിയവരുടെ വാ‍ദങ്ങൾ മാരാർ ഇതിനായി നിരത്തുന്നു.കവിതയെ കലയായിപരിഗണിച്ചുകൊണ്ടുള്ളവാദവും ഭാരതീയപാരമ്പര്യത്തിൽ ഇല്ലെന്നില്ല..ശബ്ദകല്പദ്രുമത്തിൽ 64കലകളിൽഒന്നായി സാഹിത്യത്തെ സങ്കല്പിക്കുന്നുണ്ട്. എന്നാൽ ആവാദം   ഷിയും ക്രാന്തദർശിയുമായ കവിക്കു ചേരില്ലെന്ന പക്ഷമാ‍ണ് മാരാർ ഉന്നയിക്കുന്നത്. പാശ്ചാത്യർ സുന്ദരകലകളിലൊന്നായി സാഹിത്യത്തെ ഉൾപെടുത്തിയതിനെ ഹാവലക്ക് എല്ലീസിന്റെ “സാഹിത്യത്തെ കലയായിമാത്രം കണ്ടുകൂടാ“ എന്ന വാദം നിരത്തി ഖണ്ഡിക്കുകയാണു അദ്ദേഹം.


                  തുടർന്ന് തന്റേതായ ഒരു സമവായമെന്ന നിലയിൽ കവിത്വം ക്രാന്തദർശനവും കലാപാടവവുമൊരുപോലെവേണ്ട ഒന്നാണെന്നു സമ്മതിക്കുന്നുണ്ട് മാരാർ. ക്രാന്തദർശനത്തിൽ (വിദ്യ) ആദർശം,ചിന്ത എന്നിവയും കലാപാടവത്തിൽ ഭാവന,ഭാഷ എന്നിവയും അദ്ദേഹം ഉൾപ്പെടുത്തുന്നു. എന്നാ‍ൽ ദണ്ഡി മുതൽ ജഗന്നാഥപണ്ഡിതൻ വരേയുള്ള ആലങ്കാരികന്മാർ കവിതയുടെ വിദ്യഎന്നഅംശത്തെ വേണ്ടപോലെ പരിഗണിച്ചില്ല എന്ന പരാതി അദ്ദേഹം ഉന്നയിക്കുന്നുണ്ട്. പാശ്ചാത്യരാണ് അക്കാര്യത്തിൽ ഭേദം എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
               സാഹിത്യത്തെ കലയായി ഗണിച്ചതുകൊണ്ടുണ്ടായ തെറ്റിദ്ധാരണകൾ ഏറെയാണ്. സഹിത്യനിരൂപകരെ തങ്ങൾ കലാനിരൂപകരാണെന്ന മാർഗഭ്രംശത്തില്പെടുത്താൻ അതു കാരണമായി.


          സാഹിത്യത്തിന്റെ ലക്ഷ്യം മനസ്സംസ്കരണമാണ്. ഉൽ‌പ്പാദകവർഗ്ഗത്തിനു വിജയം വരിക്കാനുള്ള പ്രചോദനംനൽകുക എന്നഅർഥത്തിൽ ഭൌതിക വാദികളും ആധ്യാത്മികമായ മഹത്വത്തിലേക്കു ഉയർത്തുക എന്ന അർഥത്തിൽ  മറ്റുള്ളവരും ഇതിനെ വിഭിന്നമായി സമീപിക്കുന്നുവെങ്കിലും  സാഹിത്യത്തിന്റെ ലക്ഷ്യം മനസംസ്കരണമാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.


          കല എന്നാൽ സംവിധാനഭംഗിയാണ് എന്നു പറയാം.താളക്രമം ഭംഗിയായാൽ വാദ്യകലയായി.അംഗചലനം സുന്ദരമായൽ നൃത്തകലയും ആയി. എന്നാൽ  വാക്കുകളുടെ സംവിധാന ഭംഗി മാത്രം പോര സഹിത്യകലയ്ക്ക്. അതു തുടക്കമേ ആവുന്നുള്ളു.സഹൃദയനിൽ തെരുതെരെ കിളിർന്നുവരുന്ന ഭാവചിന്തയുടെ സംവിധാനഭംഗിയാണു അതിന്റെ മറ്റേ അറ്റം.എന്തുകൊണ്ടാണു ശബ്ദഭംഗിയും അർഥഭംഗിയും ഉണ്ടായിട്ടും ചില കൃതികൾ  നമ്മെ മുഷിപ്പിക്കുന്നത് എന്നആലോചനയും മാരാർ നടത്തുന്നുണ്ട്. മനസ്സിൽ ഉയർന്ന ഭാവ സംവിധാനമുണ്ടാക്കുന്നതിൽ  പരാജയപ്പെടുന്നതാണതിനുകാരണമായി മാരാർ കണ്ടെത്തുന്നത്.അന്ത  കരണവികാസംതന്നെ സാഹിത്യത്തിന്റെ പരമ ലക്ഷ്യം എന്ന നിഗമനത്തെ ഉറപ്പിച്ചുകൊണ്ടാണു മാരാർ തന്റെ ലേഖനമവസാനിപ്പിക്കുന്നത്.




                         കുട്ടികൃഷ്ണമാരാര്

                                                    കടപ്പാട് :  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമുഖ സാഹിത്യനിരൂപകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്നു കുട്ടികൃഷ്ണമാരാര്. ജൂൺ 14,1900(കൊല്ലവർഷം 1075 മിഥുനം 2,പൂരാടം) - ഏപ്രിൽ 6, 1973(1148 മീനം, കാർത്തിക)]. കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടേയും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുടേയും പുത്രനായാണ് ജനിച്ചത്. കൊല്ലവർഷം 1100-ൽ തൃക്കാവിൽ കിഴക്കേ മാരത്ത് നാരായണിക്കുട്ടി മാരസ്യാരെ വിവാഹം ചെയ്തു. കുലവിദ്യയിലായിരുന്നു ആദ്യ അഭ്യസനം. 1923-ൽ പട്ടാമ്പി സംസ്കൃത കോളേജിൽ നിന്ന് സാഹിത്യശിരോമണി പരീക്ഷ ഒന്നാംക്ലാസിൽ ഒന്നാമതായി വിജയിച്ചു.

ഉള്ളടക്കം



 ആദ്യകാലം

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അക്കാലത്തെ പണ്ഡിതരുടെ വിഹാരരംഗമായിരുന്ന സഹൃദയ തുടങ്ങിയ സംസ്കൃത പത്രികകളിൽ മാരാരുടെ ലേഖനങ്ങളും ഇടംകണ്ടിരുന്നു. പട്ടാമ്പിക്കോളേജിലെ അദ്ധ്യാപകനായിരുന്ന ശംഭുശർമ്മയുടെ ‘സാത്വിക സ്വപ്നം‘, ‘പ്രാകൃതസംവിധാനം‘ തുടങ്ങിയ സംസ്കൃതകൃതികൾക്ക് അവതാരികയും ടിപ്പണിയും മാരാരാണ് എഴുതിയത്. പിന്നീട് വള്ളത്തോളിന്റെ കൃതികളുടെ പ്രസാധകനായും, കുട്ടികളുടെ സംസ്കൃതാധ്യാപകനായും, കലാമണ്ഡലത്തിലെ സാഹിത്യാചാര്യനായും വള്ളത്തോളിന്റെ സഹയാത്രികനായിരുന്നു. വള്ളത്തോളുമായുള്ള സഹവാസം മാരാരുടെ ശ്രദ്ധയെ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് കൊണ്ടുവന്നു. ആ സമയത്ത് നാലപ്പാട്ട് നാരായണ മേനോനെ കാണുകയും അദ്ദേഹത്തിൽ മാരാര് ഗുരുവിനെ കണ്ടെത്തുകയും ചെയ്തു. ആ‍ദ്യകാലത്ത്(1928) ‘സാഹിത്യഭൂഷണം‘ എന്നൊരു അലങ്കാരഗ്രന്ഥമെഴുതിയെങ്കിലും അച്ചടിശാലയിൽ നിന്ന് വിട്ടുകിട്ടിയില്ല. ആ പുസ്തകം 1965-ൽ സാഹിത്യപ്രവർത്തകസംഘം പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

 പ്രമുഖ പ്രവർത്തനങ്ങൾ

1938 മുതൽ 1961 വരെ മാതൃഭൂമിയിലെ പ്രൂഫ് വായനക്കാരനായിരുന്നു. അക്കാലത്താണ് മാരാരുടെ പ്രമുഖ സാഹിത്യ പരിശ്രമങ്ങളെല്ലാമുണ്ടായത്. ‘മലയാളശൈലി‘ മുതൽ ‘കലജീവിതം തന്നെ‘ വരെയുള്ള എല്ലാ പ്രധാന നിരൂപണങ്ങളും ഉപന്യാസങ്ങളും ഇക്കാലത്താണ് മാരാർ രചിച്ചത്. മലയാള ശൈലി എന്ന പുസ്തകം എന്താണ് മലയാളം എന്ന് മലയാളിയെ പഠിപ്പിച്ചുവെങ്കിൽ ‘ഭാരതപര്യടനം‘ എന്ന ഇതിഹാസപഠനം മഹാഭാരതത്തെ എപ്രകാരം വായിക്കണമെന്ന് കാട്ടിത്തന്നു. 1953 മുതൽക്കേ കാളിദാസന്റെ കൃതികളുടെ ഗദ്യപരിഭാഷകളും മാരാർ എഴുതുന്നുണ്ടായിരുന്നു. ‘രാജാങ്കണം‘ എന്ന നിരൂപണകൃതി ഏറെ പ്രകീർത്തിക്കപ്പെട്ട പുസ്തകമാണ്.

പുരസ്കാരങ്ങൾ

1967-ൽ പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളേജിൽ നിന്ന് സാഹിത്യരത്നം, തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ നിന്ന് സാഹിത്യനിപുണൻ പുരസ്കാരങ്ങൾ നേടി. ‘ഭാരതപര്യടന‘ത്തിനു മദ്രാസ് ഭരണകൂടത്തിന്റെ പുരസ്കാരവും. ‘കല ജീവിതം തന്നെ‘ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടേയും കേന്ദ്ര സാഹിത്യ അക്കാദമിയുടേയും പുരസ്കാരങ്ങൾ ലഭിച്ചു.

അവസാനകാലം

1961 മുതൽ പ്രധാനമായും ആധ്യാത്മകോപന്യാസങ്ങളാണ് എഴുതിയിരുന്നത്. മാതൃഭൂമിയിലെ പ്രവർത്തനത്തിനുശേഷം ശ്രീരാമകൃഷ്ണാശ്രമവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചു വന്നത്. അക്കാലത്ത് മാരാര് പലർക്കുമെഴുതിയ കത്തുകൾ മരണശേഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്.1966 മെയ് 27-നു ഭാര്യയുടെ മരണത്തോടെ പൂർണ്ണമായും ആധ്യാത്മക മാർഗ്ഗത്തിലേക്ക് തിരിഞ്ഞ മാരാര് 1973 ഏപ്രിൽ 6(1148 മീനം കാർത്തിക)-നു രാത്രി 12-30 നു അന്തരിച്ചു.


പ്രധാന കൃതികൾ : കലജീവിതം തന്നെ, മലയാളശൈലി, സാഹിത്യഭൂഷണം, രാജാങ്കണം, ഭാരതപര്യടനം, പതിഞ്ചുപന്യാസം .

 

No comments:

Post a Comment