വൃദ്ധസദനം –ഇതിവൃത്തം ആസ്പദമാക്കി ഒരു പഠനം
iii സെമസ്റ്റർ-ബി എ/ ബി എസ് സി കോമൺ കോഴ്സ് മലയാളം
പാഠക്കുറിപ്പ് – കെ വി കെ
ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിക്കു ശേഷം മലയാളനോവൽ സാഹിത്യത്തെ രൂപപരമായി നവീകരിച്ച അപൂർവം നോവലുകളിലൊന്നാണ് ടി വി കൊച്ചുബാവയുടെ വൃദ്ധസദനം.പെരുങ്കളിയാട്ടം,വിരുന്നുമേശയിലേക്കു നിലവിളികളോടെ തുടങ്ങിയ പിൽക്കാല നോവലുകളിൽ ഈ പരീക്ഷണവ്യഗ്രത കൂടുതൽ കരുത്തോടെ തുടരുന്നുണ്ടെങ്കിലും വൃദ്ധസദനം
ഇന്നും വായനക്കാരെ നടുക്കുന്ന ഒരു സാഹിത്യാനുഭവമായി പിൻതുടരുന്നു.വാർദ്ധക്യത്തിന്റെ ധർമ്മസങ്കടങ്ങളെ ആവിഷ്കരിച്ചു എന്നതു മാത്രമല്ല തികച്ചും ആധുനികോത്തരം എന്നുവിശേഷിപ്പിക്കാവുന്ന ആഖ്യാന ഘടനയിലെഴുതപ്പെട്ട ആദ്യമലയാള നോവൽ എന്ന നിലയിലും അനന്യത അവകാശപ്പെടാവുന്ന കൃതിയാണിത്. ശ്രീ.എൻ. ശശിധരൻ നോവലിനെഴുതിയ അവതാരികയിലിക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
നോവലിനു ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥവേണമെന്ന പരമ്പരാഗത സങ്കല്പം വൃദ്ധസദനം തകർക്കുന്നുണ്ട്. ദോസ്റ്റൊവസ്കിയുടെ നോവലിനെ മുൻനിർത്തി ലക്കാൻ ബഹുസ്വരത എന്ന ഒരു പരികൽപ്പന മുന്നോട്ടുവെക്കുന്നു. നോവലിനകത്ത് എതെങ്കിലുമൊരു ശബ്ദത്തെ ഇതരശബ്ദങ്ങൾക്കു മീതെ പ്രതിഷ്ഠിക്കുന്നതിനുപകരം അനേകം ശബ്ദങ്ങൾക്കു പാഠത്തിൽ ഒരേ സമയം മത്സരിക്കാനുള്ള അവസരമൊരുക്കുകയാണ് ആധുനികാനന്തര എഴുത്തുകാർ ചെയ്യുന്നത്. ഈ സവിശേഷത ഏറ്റവും യോജിക്കുന്ന നോവലത്രേ വൃദ്ധസദനം.കഥയെന്നുപറയാൻ അതിൽകാര്യമായൊന്നുമില്ല. സിറിയക് ആന്റണി എന്ന ഒരു അമ്പത്തഞ്ചുകാരനെ യുവതിയായ ഭാര്യ സാറ ഒരു വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കുന്നു. ഭർത്താവിനു പിരിലൂസായിത്തുടങ്ങി എന്നുതോന്നിയപ്പോളാണ് അവളാസൂത്രം പ്രയോഗിക്കുന്നത്.സാറ തനിക്കു നല്ലതേചെയ്യൂ എന്ന ഉത്തമവിശ്വാസത്തിൽ അയാളതനുസരിക്കുന്നു. മുറിയിലുള്ളതെല്ലാം എറിഞ്ഞുടയ്ക്കാനുള്ള ഒരുപ്രവണത മനോരോഗചികിത്സ കഴിഞ്ഞെത്തിയ അയാളിൽ സാറ കാണുന്നുമുണ്ട്.
സദനത്തിലെ ഏകാന്തതയിലിരുന്ന് തന്റെ ജീവിതം അയാൾ ഓർത്തെടുക്കുന്നുണ്ട്.പട്ടിണിനിറഞ്ഞ ബാല്യം.ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ നഗരത്തിലേക്കു നാടുവിടുന്നു.അവിടെ വേലയ്ക്കുനിന്ന സമ്പന്നന്റെ മകൾ ആഗ്നസ്സിനെ വിവാഹം കഴിച്ചതോടെ വലിയ സ്വത്തിന്റെ ഉടമയായി.ജീവിതമധ്യാഹ്നത്തിൽ ആഗ്നസ് രോഗം ബാധിച്ചുമരിക്കുന്നു.അങ്ങിനെയാണ് പരിചരിക്കാൻ വന്ന നഴ്സ് സാറയെ വിവാഹം കഴിക്കുന്നത്.വർഷം മൂന്നേ ആയുള്ളൂ അപ്പോഴേക്കും വൃദ്ധസദനത്തിലുമായി.എങ്കിലും വലിയ തുകനൽകി സദനത്തിലെ മുന്തിയ കാറ്റഗറിയിൽതന്നെ തന്നെ പ്രവേശിപ്പിച്ച സാറയോട് അങ്ങേയറ്റത്തെ മതിപ്പാണയാൽക്ക്.
ശാഠ്യമുള്ള ദയാലുവാണയാൾ.അനവധിപേർ അയാളുടെ സദനത്തിലൊരു മുറികിട്ടാൻ കാത്തിരിപ്പുണ്ട്.പുതിയൊരെണ്ണം പണിതീർന്നുവരുന്നുമുണ്ട്.
മരണം അടുത്തെത്തിയ ഒരാളുടെ ചേഷ്ടകളുമായി ഇടക്കിടയ്ക്ക് മറ്റുള്ളവർക്കു ആകാംക്ഷയു ണ്ടാക്കുന്ന അമ്മൂമ്മ, അണിഞ്ഞൊരുങ്ങിമാത്രം എപ്പോഴും നടക്കുന്ന തടിച്ച സ്ത്രീ,സദനം ഡയരക്റ്റരുടെ ലാഭക്കൊതിക്കിരയായി വന്ധ്യംകരിക്കപ്പെട്ട നഴ്സുമാരായ നിർമ്മലയുംകത്രീനയും അമ്മൂമ്മ മരിച്ചാൽ വിരലുകൾ കൂട്ടിക്കെട്ടാനുള്ള ചരടുമായി നടക്കുന്ന കൃശഗാത്രൻ,നുണയുംകിംവദന്തിയും പ്രചരിപ്പിച്ച് സഹോദരങ്ങളെ പരസ്പരം കൊല്ലിച്ചും പെൺകുട്ടികളെ ആത്മഹത്യചെയ്യിച്ചും വശംകെടുത്തിയതിനു പ്രത്യുപകാരമായി നാട്ടുകാർ തല്ലി കയ്യും കാലുമൊടിച്ചു കൊണ്ടുവന്നു തള്ളിയ കെ.നാടാർ, മുറ്റത്തെ പുല്ലുപറിച്ചു ജീവിതം തള്ളിനീക്കുന്ന ഇയ്യാകുമൂപ്പർ, വയസാൻകാലത്തു പെണ്ണുകെട്ടി മക്കൾക്കു തമ്മിൽതല്ലാനവസരമുണ്ടാക്കി സദനത്തിലെത്തിയ ഔത തന്ത എപ്പോഴും സങ്കല്പ ലോകത്തു കഴിയുന്ന ചാർലിഅപ്പാപ്പൻ, സാറയുടെ കാമുകൻ ഡൊമനിക് എന്നിങ്ങനെ വിചിത്ര വ്യക്തിത്വത്തിനുടമകളായ കഥാപാത്രങ്ങളെക്കൊണ്ടു സമ്പന്നമാണു ഈനോവൽ.
വൃദ്ധസദനത്തിന്റെ അകത്ത് നടക്കുന്ന നിഗൂഢവും മനുഷ്യത്വരഹിതവുമായ പ്രവൃത്തികൾ അതീവ നിശിതമായ ഐറണി ഉപയോഗിച്ച് കൊച്ചുബാവ ആഖ്യാനം ചെയ്യുന്നുണ്ട്. അന്തേവാസികളെ മൂന്നു കാറ്റഗറിയായിട്ടാണ് അവിടെ പാർപ്പിക്കുന്നത്.ആദ്യത്തേതു വരുമാനം കുറഞ്ഞവർക്കുള്ളതാണ്.ശരാശരി വരുമനക്കാർക്കാണ് രണ്ടാം കാറ്റഗറി.മൂന്നാം കാറ്റഗറിയിലെ സ്വർഗീയ സുഖം പണക്കാർക്കു മാത്രം ഉള്ളതാണ്.അവർക്കു ഒന്നിനും ഒരു കുറവും വരികയില്ല.വീടിനെപറ്റിയുള്ള വിചാരത്തിൽനിന്നു മുക്തി നേടാൻ നിർമ്മലയെ കടൽക്കരയിലേക്കു കൂട്ടിനയക്കുന്നുണ്ട് ഡയറക്ടർ.ആ യാത്ര സദനത്തിൽ വലിയ ചർച്ചാവിഷയമായപ്പോൾ പകരം അയച്ച കത്രീനയെയും സിറിയക്കിനെയും ചേർത്ത് സീനുണ്ടാക്കിയതും ഇർവാദീസിന്റെ വ്യാപാരതന്ത്രം തന്നെ.അന്തേവാസികൾ ജീവിച്ചിരിക്കാനിടയുള്ള ആകെ വർഷം ഡോക്ടരെക്കൊണ്ട് കണക്കാക്കിച്ച് മുഴുവൻ തുകയും അഡ്വാൻസായി വാങ്ങുന്ന അദ്ദേഹം ജന്മദിനാഘോഷത്തിന്റെയും മറ്റും പേരിൽ മക്കളോട് സമ്മാനങ്ങളുംവലിയ തുകയും കൈപ്പറ്റന്ന പതിവുമുണ്ട്..അച്ഛന്റെ ആയുസ് കുറച്ചുകാട്ടാൻ വേണ്ടി തർക്കിക്കുന്ന മക്കളുടെ ചിത്രം ചിരിയല്ല ഞെട്ടലാണുളവാക്കുന്നത്. അമ്മൂമ്മ മരിച്ചപ്പൊഴത്തെ ഡയറക്ടരുടെ പെരുമാറ്റം കറുത്ത ഹാസ്യത്തിന്റെ മേൻപൊടിയോടെ നോവലിസ്റ്റ് വരച്ചു കാണിക്കുന്നു.
ബോൾട്ടില്ലാത്ത വാതിലുകൾ,അന്തേവാസികളുടെപിറകെ എപ്പോഴുമുള്ള ചാരക്കണ്ണുകൾ,മരുന്നിനു അടിമയാക്കി മരണത്തിലേക്കു നയിക്കുന്ന വിചിത്ര വഴികൾ അങ്ങിനെ ഒരു നരകത്തിന്റെ നേർപ്പകർപ്പായി സദനം മാറുന്നു. സാറയുടെ അവഗണനയും നിർമ്മലയുമായി പങ്കുവെയ്ക്കാൻ കഴിയാതെപോയ സ്നേഹവും സിറിയക്കിൽ മൃത്യുബോധം വളർത്തുന്നു.മരണചിന്ത കലശലാവുന്നു..അമ്മൂമ്മയുടെ മരണം അതിനെ തീവ്രമാക്കുന്നു. ഒടുവിൽ സാറയുടെ പ്രതിശ്രുത വരൻ ഡൊമനിക് എത്തി സാറയെ അയാൾക്കു ഇഷ്റ്റദാനമായി നൽകാനുള്ള രേഖയിൽ ഒപ്പിടുവിക്കുന്നു .മരണം അയാൾ ശരിക്കും ആഗ്രഹിച്ചുപോയ സന്ദർഭമായിരുന്നു അത്. ആ ഒറ്റപ്പെടലിന്റെ വിഭ്രാന്തിയിൽ നോവൽ അവസാനിക്കുകയും ചെയ്യുന്നു.
സമ്മാനിച്ച പലമട്ടിലുള്ള മനോവിഭ്രാന്തി പേറുന്നവരാണ്. സ്ക്കീസോഫ്രീനിക് ആയ സിറിയക്ക് മുതൽ പുല്ലുപറിക്കുന്ന വൃദ്ധൻ വരെ. നാടാരുടെ സാഡിസ്റ്റിക് മനോഘടനയും ഇതോട് ചേർത്തുവായിക്കേണ്ടതാണ്. ആഗോളീകരണകാലം ജീവിതത്തിന്റെ സ്വാതന്ത്ര്യവും സർഗ്ഗാത്മകതയും നഷ്ടമാക്കുന്നിടത്താണ് ഇത്തരം രോഗങ്ങളുടെ പിറവി.
നായകകഥാപാത്രത്തിന്റെ ആത്മാഖ്യാനമായിട്ടാണ് നോവൽ വികസിക്കുന്നത്. കഥപറച്ചിലിന്റെ സങ്കേതമാണ് നോവലിൽ ഉടനീളം സ്വീകരിച്ചിരിക്കുന്നത്.സംവാദമായും ഭാഷണമായും അതു വായനക്കാരനെ അടുത്തുനിർത്തുന്നു.കറുത്ത ഹാസ്യം നിറഞ്ഞതും അങ്ങേയറ്റം ഐറണിക്കുമാണ് നോവലിലെ ഭാഷ. നോവൽ ഒരു ഭാഷാകേളിയാണ് എന്നു പേർത്തും പേർത്തും അനുഭവിപ്പിക്കാൻ കൊച്ചുബാവയ്ക്ക് കഴിഞ്ഞിരിക്കുന്നു .തികച്ചും അകാൽപ്പനികമാണ് ഇതിലെ ഭാഷ എന്നു മാത്രം പറഞ്ഞാൽ പോര,പുതുകാലജീവിത സമസ്യകളെ കാൽപ്പനികതയില്പൊതിഞ്ഞ് അവതരിപ്പിക്കുന്ന മാമൂൽ രീതിയോടുള്ള കലാപവുമുണ്ടതിൽ.മിലൻ കുന്ദേരയെന്ന വിശ്വപ്രസിദ്ധ നോവലിസ്റ്റിന്റെ രചനാരീതികളോട് അടുത്തുനിൽക്കുമ്പോഴും തന്റേതായ മൌലികസ്വരം കേൾപ്പിക്കാൻ കഴിഞ്ഞതാണ് ഇതര ആധുനികാനന്തര മലയാള എഴുത്തുകാരിൽനിന്നും കൊച്ചുബാവയെ വേറിട്ടുനിർത്തുന്നത്.

No comments:
Post a Comment